മലപ്പുറം: കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം മഞ്ചേരി കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. വിവിധയാവശ്യങ്ങള്‍ക്കായി ഇയാള്‍ മഞ്ചേരിയിലെ കോടതിയില്‍ എത്തിയിരുന്നു. ഇതോടെയാണ് കോടതികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
കോടതി പരിസരങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും വര്‍ധനവ് വന്നിട്ടുണ്ട്. മരണ സംഖ്യയും ഉയര്‍ന്ന് വരുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും കൊവിഡ് ബാധിച്ചു.
ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു. എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ വിദഗ്ധരുടെ എണ്ണവും വര്‍ധിക്കുകയാണ്.
Discussion about this post