കൊച്ചി: കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സമൂഹ വ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കം ഇല്ലാതാകണമെന്നും അതിന് ലോക്ക് ഡൗണ്‍ അനിവാര്യമാണെന്നുമാണ് തന്റെ നിലപാടെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണ്‍ സംസ്ഥാന വ്യാപകമായി വേണോ പ്രാദേശികമായി വേണോ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ലോക്ക് ഡൗണ്‍ വേണ്ട എന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവനയേയും മന്ത്രി ചോദ്യം ചെയ്തു. സമൂഹവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട, പ്രാദേശിക ലോക്ക് ഡൗണ്‍ മതിയെന്നാണ് ഐഎംഎ പറയുന്നത്.
സമൂഹവ്യാപനം ഉണ്ടായി എന്നാണെങ്കില്‍ പിന്നെ പ്രാദേശിക ലോക്ക് ഡൗണ്‍ കൊണ്ടുള്ള ഗുണമെന്താണെന്നും മന്ത്രി ചോദിക്കുന്നു. നിലവില്‍ ലോക്ക് ഡൗണ്‍ വേണ്ടെന്നും അടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പരിഗണിക്കാമെന്നുമാണ് ഐഎംഎ പറയുന്നത്. സമൂഹ വ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം എന്താണെന്നും മന്ത്രി ചോദിച്ചു.