കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിനും സംഭവം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോക്സോ വകുപ്പും ചുമത്തിയിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തത്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന് പോലീസില്‍ പരാതി നല്‍കിയത്. ഹൈക്കോടതിയില്‍ ഹര്‍ജി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി രഹ്ന രംഗത്തെത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
‘വ്യത്യസ്തമായ ചിന്താഗതികളെ പ്രോസാഹിപ്പിക്കാതെ പൊതു ബോധത്തിന് അനുസരിച്ചു തീരുമാനങ്ങള്‍ ഹൈകോടതില്‍ നിന്ന് വന്നത് നിരാശാജനകമാണ്. ഈ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം’ രഹ്ന കുറിച്ചു.
Discussion about this post