കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു നടപടി എടുത്തത്.
ജില്ലയിലെ മത്സ്യമാര്‍ക്കറ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇത് അനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തേ ചിലനിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്കാന് ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് സഹായധനത്തിന്റെ ആദ്യഗഡു ആയ 1500 രൂപ നല്കിത്തുടങ്ങിട്ടുണ്ട്.