തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് നിരത്തി മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഗുജറാത്ത് കൂട്ടക്കൊലയിലും ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്ക്കേസിലും നരേന്ദ്രമോദിയെയും അമിത് ഷായെയും വെള്ളപൂശാന്‍ ലോക്നാഥ് ബെഹ്റ നല്കിയ ഫയല്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ കണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാദം.
മോഡി പറയുന്നിടത്ത് ഒപ്പിടുന്നയാളാണ് താനെന്ന് പിണറായി വിജയനെ അറിയുന്നവരാരും പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയല്‍ കണ്ടെങ്കില്‍ എന്തുകൊണ്ട് അന്ന് മുല്ലപ്പള്ളി നടപടിയെടുത്തില്ലെന്നും ഈ വിവരം ഇത്രകാലം മൂടിവെച്ചതെന്തെന്നും മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥനായിരിക്കെ മോഡിയെയും അമിത് ഷായെയും രക്ഷിച്ചതിന് പാരിതോഷികമായി പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ബെഹ്റയെ പിണറായി പോലീസ് മേധാവിയാക്കിയതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
ഇപ്പോഴുള്ള സീനിയറായ ഉദ്യോഗസ്ഥരില്‍ ഡിജിപിയാക്കാന്‍ സര്‍വഥാ യോഗ്യനാണ് ബെഹ്റ. അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തിലുള്ള പരാതിയൊന്നും സര്‍ക്കാരിനു മുന്നിലില്ല. ഈ ആരോപണത്തെക്കുറിച്ച് ബെഹ്റയെ ഡിജിപിയാക്കിയപ്പോള്‍ എന്തുകൊണ്ട് മുല്ലപ്പള്ളി പറഞ്ഞില്ലെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ വസ്തുതയാണെങ്കില്‍ നടപടിയെടുക്കാതെ മോഡിയെയും അമിത് ഷായെയും സംരക്ഷിക്കുകയാണ് അദ്ദേഹം ആഭ്യന്തര സഹമന്ത്രിയായിരിക്കെ ചെയ്തത്.
ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വമാണ് അന്വേഷണം നടത്തേണ്ടെതന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്ന് മുല്ലപ്പള്ളിയുടെ വകുപ്പിലെ മന്ത്രിയായിരുന്ന പി ചിദംബരവും പ്രതികരിക്കണമെന്ന് അദ്ദേഹം വ്യക്തരമാക്കി. പത്തുവര്‍ഷമാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. എന്നിട്ടും മോഡിക്കും അമിത്ഷായ്ക്കുമെതിരേ നടപടിയെടുക്കാനുള്ള ചുമതല നിര്‍വഹിക്കാത്ത മുല്ലപ്പള്ളി ഇപ്പോള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ട് എന്തുകാര്യം? മന്ത്രിസ്ഥാനത്തിരുന്നയാള് ഫയലിലെ രഹസ്യങ്ങള്‍ പരസ്യമായി വിളിച്ചുപറയുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയുടെ വാക്കുകള്‍ സമൂഹത്തിന് വിശ്വസിക്കാന്‍ കഴിയുന്നതല്ല.
മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ആഴ്ചയില്‍ ഏഴുദിവസമുള്ളതില് എട്ടുദിവസവും വടകരയിലും കോഴിക്കോട്ടുമായിരുന്നു ചെലവിട്ടതെന്നു മുഖ്യമന്ത്രി തുറന്നടിച്ചു. അദ്ദേഹത്തിന് അവിടെ പണിയൊന്നും ഇല്ലേയെന്ന് എല്ലാവരും ചിന്തിക്കുമായിരുന്നു. ആ സ്ഥാനമുപയോഗിച്ച് ചില പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ചില വ്യക്തികളെ ഒന്നുമല്ലാതാക്കാനുമാണ് മുല്ലപ്പള്ളി പരിശ്രമിച്ചത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ചിദംബരത്തിന്റെ കൈയില്‍നിന്ന് എത്ര കടലാസാണ് ഇദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരിക്കുകയെന്നത് നാട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post