കുന്നംകുളം: ലോകം മുഴുവന്‍ ഭീതി പടര്‍ത്തി നിറഞ്ഞാടുന്ന കൊവിഡ്, മനുഷ്യനെ മാനസികമായും മാറ്റിയിട്ടുണ്ട്. കൊവിഡ് ഭീതിയില്‍ മനുഷത്വം വരെ മറക്കുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റുപാടും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിട്ടും കോട്ടയത്ത് അമ്മയെയും മക്കളെയും ഒരു രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിയത് പോലുള്ള സംഭവങ്ങള്‍ക്ക് മലയാളികള്‍ സാക്ഷികളായതാണ്.
ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ആധാരം. സഹജീവികളോടുള്ള സ്‌നേഹം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കൊവിഡ് കാലത്ത്, അവരെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം ചില മാതൃകകളാണ് മലയാളികള്‍ക്ക് മുന്നിലുള്ളത്. അതില്‍ ഒന്നാണ് കുന്നംകുളത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൂങ്ങി മരിച്ച സ്ത്രീയെ താഴെയിറക്കിയ സംഭവം.
കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കേ തൂങ്ങി മരിച്ച സ്ത്രീയെ താഴെയിറക്കാന്‍ നാട്ടുകാര്‍ മടിച്ചു നിന്നപ്പോള്‍ കുന്നംകുളത്തെ ഒരു കൂട്ടം യുവാക്കളാണ് അവരെ താഴെയിറക്കാന്‍ മുന്നിട്ടിറങ്ങിയത്. സിപിഎം കുന്നംകുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും, എസ്എഫ്‌ഐ മുന്‍ ജില്ല പ്രസിഡന്റ്ും കൂടിയായ അഡ്വ. കെബി സനീഷിന്റെ നേതൃത്വത്തിലുള്ള യുവാക്കളായിരുന്നു സത്പ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയത്.
അഞ്ഞൂര്‍ റോഡില്‍ തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്ക (68)യാണ് കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു തങ്കയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പോലീസെത്തി നടപടികള്‍ തുടങ്ങിയെങ്കിലും മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല.
തുടര്‍ന്നാണ് സനീഷ് മുന്നിട്ടിറങ്ങിയത്. സനീഷിനൊപ്പം കെ.ബി. ഷിബു, ലിജീഷ്, ഗോകുല്‍കൃഷ്ണ, പി.കെ. ഷബീര്‍ എന്നിവരും കൂടി മൃതദേഹം താഴെയിറക്കുകയായിരുന്നു. സനീഷിന്റെ നന്മയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയിലും സനീഷിന്റെ നന്മയെ പ്രശംസിച്ച് അഭിനന്ദന പ്രവാഹമാണ് വരുന്നത്. ഈ സംഭവങ്ങളെക്കുറിച്ച് സനീഷ് പറയുന്നു.
”വളരെ ദാരുണമായ സംഭവമാണ് നടന്നത്. തൂങ്ങി മരിച്ചയാള്‍ മണിക്കൂറുകളോളമാണ് അതെ അവസ്ഥയില്‍ തന്നെ നിന്നത്. ആരും സഹായത്തിന് വരാത്തത് കൊണ്ട് തൂങ്ങി മരിച്ച് നില്‍ക്കുന്ന കാഴ്ച മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. കൊവിഡ് ഭീതി എല്ലാവരെയും പോലെ എനിക്കുമുണ്ട്, എന്നിരുന്നാലും ഒന്നും ചെയ്യാതിരിക്കാന്‍ മനസ്സുവന്നില്ല. രാത്രി എട്ടോടെ മൃതദേഹം താഴെയിറക്കി. മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ പ്രത്യേകമായി കൊണ്ടുവന്ന ഒരു കവര്‍ ശരീരത്തിലൂടെ മുകളിലേക്ക് കയറ്റി തൂങ്ങിയ സാരി മുറിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനായി എത്തിച്ചു. അവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലമാണ് വന്നത്. ഞങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ പോയി”- സനീഷ് കൂട്ടിച്ചേര്‍ത്തു.
കെബി സനീഷിന്റെ മറ്റൊരു ഇടപെടല്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധന്റെ ജീവന്‍ രക്ഷിക്കാനും സഹായകമായിട്ടുണ്ട്. ഒറ്റക്ക് താമസിക്കുന്ന വൃദ്ധന്‍ തളര്‍ന്ന് വീണപ്പോള്‍ കൊവിഡ് ഭയന്ന് ആരും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനും സനീഷിന്റെ ഇടപെടലാണ് സഹായകമായത്. ആ സംഭവത്തെക്കുറിച്ചും സനീഷ് പറയുന്നു.
”കുന്നംകുളത്തെ പഴയ മാര്‍ക്കറ്റിന്റെ സമീപത്ത് ഒറ്റക്ക് താമസിക്കുന്ന ഒരു വൃദ്ധനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മകനും നേരത്തേ മരിച്ചു. ബന്ധുക്കളാരും തന്നെ ഒപ്പമില്ല. ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ഒരാള്‍ വീട്ടില്‍ വരാറുണ്ട്. അയാള്‍ക്കാണെങ്കില്‍ പരിസരവാസികളെ പരിചയമില്ല. അയാള്‍ വേറെ ഏതോ നാട്ടില്‍ നിന്ന് വന്ന് നില്‍ക്കുന്ന ആളാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു ദിവസം രാവിലെ അയാള്‍ റോഡിലൂടെ പോകുന്നവരോട് പറഞ്ഞു, ഈ പ്രായമുള്ള വ്യക്തി തളര്‍ന്ന് വയ്യാതെ കിടക്കുന്നു, ബോധമില്ല, മലമൂത്ര വിസര്‍ജനമൊക്കെ പോയിട്ടുണ്ടെന്ന്.
അവിടെ നിന്നിരുന്ന ഒരു ടാക്‌സി ഡ്രൈവറാണ് എന്നെ വിവരം വിളിച്ച് അറിയിച്ചത്. ഞാനും ടാക്‌സി ഡ്രൈവറും കൂടി അവിടേക്ക് ചെന്നു. അവിടെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള നീക്കമൊന്നും നടന്നിട്ടില്ല. ഈ വ്യക്തിക്ക് നല്ല ശരീരഭാരമുള്ളതിനാല്‍ എടുക്കാനും ബുദ്ധിമുട്ടായിരുന്നു. ആംബുലന്‍സ് വിളിച്ചു വരുത്തിയപ്പോള്‍ ആരും എടുക്കാന്‍ തയ്യാറാകുന്നില്ല. എല്ലാവര്‍ക്കും കൊവിഡ് പേടി. താലൂക്ക് ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് വരുത്തി അത് ധരിച്ചു. ഞാന്‍ അതിന് തയ്യാറായപ്പോള്‍ എന്റെ സുഹൃത്തുക്കളായ സജു, ജീവന്‍ യേശുദാസ് എന്നിവര്‍ കൂടി രംഗത്ത് വന്നു. ആംബുലന്‍സ് ഡ്രൈവര്‍ കൂടി അതിന് സഹായിച്ചു.
അങ്ങനെ ഞങ്ങള്‍ നാല് പേരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലാണ് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പ്രമേഹ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനാലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. ആദ്യമായാണ് പി.പി.ഇ കിറ്റ് ധരിച്ചത്. മണിക്കൂറുകളോളം ഇട്ടപ്പോള്‍ ശ്വാസം മുട്ടി. അപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ തീവ്രത മനസ്സിലായത്”– സനീഷ് പറയുന്നു.
സാമൂഹിക പ്രവര്‍ത്തനത്തിനൊപ്പം പഠനത്തിലും മികവ് തെളിയിച്ച കെബി സനീഷ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നാണ് ഡിഗ്രിയും പിജിയും എടുത്തത്. തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നാണ് നിയമത്തില്‍ ബിരുദം എടുത്തത്. ഡോക്ടറേറ്റ് എടുക്കുന്നതിലുള്ള തയ്യാറെടുപ്പിലാണ് സനീഷ് ഇപ്പോള്‍.
Discussion about this post