ഹെല്‍മറ്റില്‍ നിന്നും മണം പിടിച്ച് ‘കാണാതായ’ യുവാവിനെ കൈയ്യോടെ പൊക്കി താരമായി ‘രവി’

കോട്ടയം: ‘കാണാതായ’ യുവാവിനെ ഹെല്‍മറ്റില്‍ നിന്നും മണം പിടിച്ച് കണ്ടെത്തി പോലീസ് നായ. കോട്ടയം ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ട്രാക്കര്‍ നായ രവിയാണ് കാണാതായയാളിന് തുമ്പുണ്ടാക്കി താരമായിരിക്കുന്നത്.

വൈക്കം വല്ലകത്താണ് സംഭവം. യുവാവിനെ ഒരു ദിവസമായി കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ബൈക്കും മൊബൈലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബൈക്കില്‍ ഹെല്‍മറ്റും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഹാന്‍ഡ്‌ലര്‍മാരായ സുനില്‍കുമാര്‍, ബിട്ടുമോഹന്‍ എന്നിവര്‍ക്കൊപ്പം കെ-9 സ്‌ക്വാഡിലെ രവി (അപ്പു) എന്ന പോലീസ് നായയെ രംഗത്തെത്തിച്ചത്.

ഹെല്‍മറ്റില്‍ നിന്ന് മണം പിടിച്ച രവി ഒരു കിലോമീറ്റര്‍ ഓടി ഒഴിഞ്ഞ പറമ്പിലെത്തി നില്‍ക്കുകയായിരുന്നു. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെ കണ്ടെത്തി.

യുവാവിന് നേരിയ മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും വീട്ടുകാരുമായുള്ള പ്രശ്‌നം കാരണമാണ് മാറി നിന്നതെന്നും പോലീസ് പറഞ്ഞു. യുവാവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version