തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2020 ആഗസ്റ്റ് നാല് മുതല്‍ നടത്താനിരുന്ന രണ്ട് പരീക്ഷകള്‍ മാറ്റി വച്ചു. അവസാന വര്‍ഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്റനറി പരീക്ഷയും, രണ്ടാം വര്‍ഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്റയറി പരീക്ഷയും ആണ് മാറ്റിവച്ചത്.
അനിശ്ചിതകാലത്തേക്കാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് കൊവിഡ് മരണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മാത്രം അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെട്ടിവിളാകാം സ്വദേശി ബാബുവും, പുല്ലുവിള ട്രീസ വര്‍ഗീസുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ആലപ്പുഴയില്‍ മരിച്ച കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. 85 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട മറിയാമ്മ ഇന്നലെയാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ ചങ്ങനാശ്ശേരി ആശുപത്രിയില്‍ വച്ച് മരിച്ച പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്.
മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Discussion about this post