തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
അതേസമയം ഏഴ് ഡോക്ടര്‍മാര്‍ അടക്കം ഇരുപത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളൊക്കെ നീട്ടി വെച്ചിരിക്കുകയാണ്. 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
അതേസമയം തലസ്ഥാനത്ത് ഇന്ന് രണ്ട് പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍ക്കും വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം ഇരുപത്തിയഞ്ചായി. അതേസമയം ചാല, കരിമഠം ഭാഗങ്ങളില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനകളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
Discussion about this post