തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം മാറ്റിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ താല്പര്യങ്ങളാണ് നിമയ സഭ സമ്മേളനം മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ചെന്നിത്തല ആരോപിച്ചു. റീബില്‍ഡ് കേരളയിലെ കണ്‍സള്‍ട്ടന്‍സി നിയമനം വിജിലന്‍സ് അന്വേഷിക്കണെന്നും പേഴ്സണല്‍ സ്റ്റാഫിന്റെ യോഗം എകെജി സെന്ററില്‍ വിളിച്ചത് ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു ഈ മാസം 27 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. സമ്മേളനം മാറ്റിവച്ച സാഹചര്യത്തില്‍, നിയമസഭ സമ്മേളിച്ച് ബില്ല് പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം, കൊവിഡ് വ്യാപനം ശക്തമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്നും ഇന്ന് ചേര്‍ന്ന മന്ത്രി സഭയോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം എടുക്കും.
കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞാണ് യോഗം ചേരുക. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെയും മത മേലധ്യക്ഷന്മാരുടേയും അഭിപ്രായങ്ങളും ചോദിക്കാനാണ് തീരുമാനം. സാമൂഹിക സാമ്പത്തിക വശങ്ങള് കൂടി പരിഗണിച്ചേ ലോക്ക് ഡൗണില്‍ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. ഈ യോഗത്തിലാകും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. സമ്പൂര്‍ണ്ണ ലോക്ക് നടപ്പാക്കേണ്ട എന്നാണ് ആരോഗ്യ വിദഗ്ധരുടെയും അഭിപ്രായം. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ട് കാര്യമില്ല പകരം പ്രാദേശിക ലോക്ക് ഡൗണ്‍ ആണ് ഗുണം ചെയ്യുക എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Discussion about this post