തൃശ്ശൂർ: എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ഒമ്പതാം തവണയും തള്ളി ഹൈക്കോടതി. എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി തീകൊളുത്തിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിധീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഒമ്പതാം വട്ടവും തള്ളിയത്.
കേസിൽ വിചാരണ ഓഗസ്റ്റ് 17ന് ജില്ലാ സെഷൻസ് കോടതിയിൽ തുടങ്ങും. എറണാകുളത്ത് ഐടി കമ്പനിയിലെ ജീവനക്കാരനായ വടക്കേക്കാട് കല്ലൂക്കാടൻ വീട്ടിൽ നിധീഷ്(27) ആണ് കേസിലെ പ്രതി. 2019 ഏപ്രിൽ നാലിനാണ് ചിയ്യാരം പോസ്റ്റ്ഓഫീസിനു സമീപം വത്സലാലയത്തിൽ (മച്ചിങ്ങൽ) വീട്ടിൽ നീതു(22)വിനെ നിധീഷ് കൊലപ്പെടുത്തിയത്.
ജാമ്യം കിട്ടാത്തതിനെത്തുടർന്ന് അറസ്റ്റിലായതിന് അടുത്ത ദിവസം മുതൽ നിധീഷ് റിമാൻഡിൽ ജയിലിലാണ്. ജാമ്യാപേക്ഷ പല പ്രാവശ്യവും ജില്ലാ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും നൽകിയെങ്കിലും എല്ലാം തള്ളിപ്പോയിരുന്നു. ഹൈക്കോടതിയിൽ അവസാനമായി 9ാം തവണ നൽകിയ ജാമ്യാപേക്ഷയാണ് ബുധനാഴ്ച തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബുവാണ് ഹാജരാകുന്നത്.