കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തിൽ (എൻആർഐ നിക്ഷേപം) റെക്കോർഡ് വർധന. രണ്ടുലക്ഷം കോടിയോളം രൂപയാണ് അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 2019 ഡിസംബർ 31ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 1,99,711.27 കോടി രൂപ. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 ശതമാനത്തിന്റെ വാർഷിക വർധനയാണ് എൻആർഐ നിക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. 219 കോടി രൂപ കൂടി ഉയർന്നാൽ രണ്ടുലക്ഷം കോടി കടക്കും. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുമേഖലാ ബാങ്ക് ശാഖകളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വകാര്യ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 1,02,095.08 കോടി രൂപയും സ്‌മോൾ ഫിനാൻസ് ബാങ്ക് ശാഖകളിലെ നിക്ഷേപം 1,216.55 കോടി രൂപയുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത് 58,516.29 കോടി രൂപ. ഫെഡറൽ ബാങ്കിൽ 51,709.44 കോടി രൂപയെത്തി.