കലേഷിനോട് മാപ്പു പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം തീരില്ല, തെറ്റ് സമ്മതിച്ചു കൊണ്ടുള്ള വ്യക്തമായ മറുപടിയാണ് വേണ്ടത്; വൈശാഖന്‍

സാഹിത്യരംഗത്ത് ഇത്തരത്തിലൊരു ചോരണം ആദ്യമാണെന്നും ദീപയും ശ്രീചിത്രനും കലേഷിനോട് തെറ്റ് ഏറ്റു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തൃശ്ശൂര്‍ : യുവകവി എസ് കലേഷിന്റെ കവിതാ മോഷ്ടിച്ചുവെന്ന വിവാദത്തില്‍ ദീപാ നിശാന്തിനും എംജെ ശ്രീചിത്രനുമെതിരെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. കലേഷിനോട് മാപ്പു പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം തീരില്ലയെന്നും തെറ്റ് സമ്മതിച്ചു കൊണ്ടുള്ള വ്യക്തമായ മറുപടിയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം കവിതാ മോഷണവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചിരിക്കുന്നത്.

എഴുത്തുകാരിയായ ദീപാ നിശാന്തും ശ്രീചിത്രനും പ്രതീക്ഷകളായിരുന്നു. ഉത്തരവാദിത്തമുള്ള അധ്യാപികയെന്ന വിശ്വാസത്തിലാകാം എകെപിസിടിഎ ദീപ നല്‍കിയ കവിത പ്രസിദ്ധീകരിച്ചത്. പുതിയ ചെറുപ്പക്കാര്‍ക്ക് ഇതൊരു പാഠമാകണമെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു.

സാഹിത്യരംഗത്ത് ഇത്തരത്തിലൊരു ചോരണം ആദ്യമാണെന്നും ദീപയും ശ്രീചിത്രനും കലേഷിനോട് തെറ്റ് ഏറ്റു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ആത്മാഭിമാനമുള്ള എഴുത്തുകാരന്‍ ഇങ്ങനെ ചെയ്യില്ല.എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും അപമാനമാണ് വിവാദമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version