കൊടുങ്ങല്ലൂർ: വീട്ടിലുണ്ടാക്കിയ മായങ്ങളൊന്നുമില്ലാതെ വിശ്വസിച്ച് കഴിക്കാവുന്ന രുചിയേറിയ ബിരിയാണി ഉപജീവന മാർഗ്ഗമാക്കി ഫൈസലിന്റെ മാതൃക. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രചോദനമാവുകയാണ് അധ്വാനിക്കാനുള്ള മനസ് കാണിച്ച് എറിയാട് സ്വദേശി ഫൈസൽ. വീട്ടിലുണ്ടാക്കിയ ബിരിയാണി വഴിയോരത്ത് യാത്രക്കാർക്കായി കച്ചവടം ചെയ്താണ് ഫൈസലിന്റെ അതിജീവനം.
ഹോട്ടലുൾപ്പടെയുള്ള എല്ലാ ബിസിനസുകളും തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് വലിയ മുതൽമുടക്കില്ലാതെ മോശമല്ലാത്ത വരുമാനം നൽകുന്ന ബിരിയാണി വിൽപ്പനയ്ക്ക് ഫൈസലും സുഹൃത്ത് ഷമീറും കൈകോർത്തത്. എറിയാട് ചേരമാൻ പറമ്പിന് സമീപം കടകത്തകത്ത് ഫൈസലിന് തന്റെ അധ്വാനത്തിൽ അഭിമാനം മാത്രം.
”വിറ്റ് പോയാൽ സന്തോഷം അല്ലെങ്കിൽ വിഷമവുമില്ല, പണിയെടുത്ത് ജീവിക്കുന്നത് അഭിമാനകരവും ആനന്ദകരവുമാണ്”-കൊടുങ്ങല്ലൂർ ബൈപ്പാസിൽ സിഐ ഓഫിസ് ജങ്ഷനിൽ ഇരുകൈയ്യിലും ബിരിയാണി കണ്ടെയിനറുമായി നിൽക്കുന്ന ഫൈസലിന്റെ വാക്കുകളിൽ അഭിമാനം തുളുമ്പുന്നു.
സുഹൃത്ത് ഷമീറിന്റെ വീട്ടിലാണ് ഫൈസൽ ബിരിയാണി പാചകം ചെയ്യുന്നത്. ബൈപാസ് സർവീസ് റോഡ് വഴി കടന്നുപോകുന്ന യാത്രക്കാർക്ക് നേരേ ബിരിയാണി നീട്ടിയാണ് രസകരമായ സംസാരത്തോടെയുള്ള ബിരിയാണി വിൽപ്പന. കോഴി ബിരിയാണിക്ക് 80, മട്ടൻ 150, ബീഫ് 80 എന്നിങ്ങനെയാണ് വില. കൊവിഡിന് മുമ്പ് ഇടത്തരം ഓർഡറുകൾ പ്രകാരം ഭക്ഷണം ഉണ്ടാക്കി നൽകുന്ന ജോലിയാണ് ഫൈസൽ ചെയ്തിരുന്നത്.
Discussion about this post