ആലപ്പുഴ: ആലപ്പുഴയിലും കൊവിഡ് പിടിമുറുക്കുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പോലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പൊതുജനങ്ങളുമായി ഇടപെടുന്ന ജീവനക്കാരിൽ ആശങ്ക ഉയരുകയാണ്.
പോലീസുകാരന് രോഗം സ്ഥിരീകരിച്ചതിനാൽ സഹപ്രവർത്തകരായ പോലീസുകാർക്ക് അടിയന്തര കൊവിഡ് പരിശോധന നടത്തുമെന്നും സ്റ്റേഷൻ അടയ്ക്കുന്ന അടക്കം കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജനമൈത്രി പോലീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് രോഗബാധയുണ്ടായത്. അതിനിടെ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മുഹമ്മ സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ച പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.
കണ്ടെയിൻമെന്റ് സോണിൽ നിന്നും ആശുപത്രിയിൽ എത്തുന്ന വിവിധ രോഗികൾക്കായി ഒരു പുരുഷന്മാരുടെ വാർഡും ഒരു സത്രീകളുടെ വാർഡും ക്രമീകരിച്ചിട്ടുണ്ട്. രോഗികളെ ഈ വാർഡുകളിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ ആരംഭിക്കുകയും കഴിയുന്നത്ര വേഗത്തിൽ സ്രവ പരിശോധന നടത്തി അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആശുപത്രിയിലെ സന്ദർശന നിരോധനം കർശനമായി തുടരും. അത്യാവശ്യ രോഗികൾ മാത്രമെ ആശുപത്രിയിലെത്താൻ പാടുള്ളൂ.