തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുത്.
രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാര്‍ തലസ്ഥാനത്ത് വൈറസ് ബാധിതര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്ക് അടക്കം വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിരിക്കുകയാണ്.