തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളിൽ പലരും സംസ്ഥാനത്തേക്ക് മടങ്ങിയെത്താൻ തുടങ്ങിയതോടെ പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കി സർക്കാർ. കേരളത്തിലേയ്ക്ക് തിരികെ വരുന്ന അതിഥി തൊഴിലാളികൾക്ക് ക്വാറന്റൈൻ നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഇവരിൽ പലരും കൊവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും വരുന്നവരായതിനാൽ വളരെയേറെ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്കുള്ള പ്രധാന മാർഗ നിർദേശങ്ങൾ:
അതിഥി തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജൻറോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പിനെയും, തൊഴിൽ, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കേണ്ടതാണ്.
കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതൽ 14 ദിവസം കർശനമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. അറ്റാച്ച്ഡ് ബാത്‌റൂം സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒരു മുറിയിൽ ഒരാളെ മാത്രമേ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കാവൂ.
സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികൾ കേരളത്തിലെത്തിയാലുടൻ ദിശ നമ്പരായ 1056 അല്ലെങ്കിൽ 0471 2552056ൽ വിളിച്ച് ആരോഗ്യ പ്രവർത്തകരോട് വിവരം അറിയിക്കേണ്ടതും 14 ദിവസം മേൽപറഞ്ഞ സൗകര്യമുള്ള ഒരു മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്.
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർക്ക് ജോലിക്ക് പോകാമെങ്കിലും എന്തെങ്കിലും രോഗ ലക്ഷണം പ്രകടമായാൽ നേരിട്ട് ആശുപത്രിയിൽ പോകാതെ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈനുമായോ ബന്ധപ്പെടുകയും അവരുടെ നിർദേശ പ്രകാരം മാത്രം ചികിത്സ ലഭ്യമാക്കാവുന്നതുമാണ്.
ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികൾ ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും പാലിക്കേണ്ടതുമാണ്.
തൊഴിലുടമകളും ഏജന്റും ഇക്കാര്യങ്ങൾ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇവർക്ക് മതിയായ താമസ സൗകര്യവും പരിസര ശുചിത്വവും ഉറപ്പാക്കേണ്ടതും ഉപയോഗിക്കുന്ന വസ്തുക്കൾ പരസ്പരം കൈമാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.
അതിഥി താഴിലാളികള്‍ക്കുള്ള സാമൂഹികവും മാനസികവുമായ പിന്തുണ യഥാക്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെയും നല്‍കുവാനും ആവശ്യമായ ആരോഗ്യ ബോധവത്കരണം അവരുടെ ഭാഷയില്‍ നല്‍കുവാനുമുള്ള നടപടികളും സ്വീകരിക്കുന്നതാണ് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post