വര്‍ക്കല: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തി പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച വീടിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ യുവാവ് ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വര്‍ക്കലയിലാണ് സംഭവം.
മേല്‍വെട്ടൂര്‍ ബിസ്മില്ല ഹൗസില്‍ അമീറി(24)നെയാണ് രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് മേല്‍വെട്ടൂര്‍ അല്ലാഹു അക്ബര്‍ വീട്ടില്‍ സാദിഖ് ഹംസ(64)യാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 17ന് ആയിരുന്നു സംഭവം.
അബുദാബിയില്‍നിന്നു നാട്ടിലെത്തിയ അമീര്‍, ഹോം ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ 17-ന് വൈകുന്നേരം 4.30-ഓടെ ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ രണ്ടുപേര്‍ കാറില്‍ കോവിഡ് ടെസ്റ്റിന് സാമ്പിളെടുക്കണമെന്നു പറഞ്ഞ് അമീറിനെ കാറില്‍ കയറ്റി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.
ആശുപത്രിക്കു മുന്നില്‍ കാര്‍ നിര്‍ത്തി, അമീറിനെ കാറിലിരുത്തി ലോക്ക് ചെയ്തിട്ട് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ആശുപത്രിയുടെ അകത്തേക്കു പോയി. പിന്നീട് തിരികെയെത്തി ഡോക്ടര്‍മാര്‍ ഇല്ലെന്നും രാത്രി എത്തിയാല്‍ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിച്ചു.
രാത്രി ടെസ്റ്റിനു പോകാന്‍ തയ്യാറായി നില്‍ക്കണമെന്നു പറഞ്ഞാണ് സംഘം മടങ്ങിയത്. തുടര്‍ന്ന് രാത്രി 8.30-ന് ഇവര്‍തന്നെ വീണ്ടും കാറുമായെത്തി അമീറിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണെന്നായിരുന്നു അമീര്‍ വിശ്വസിച്ചിരുന്നത്.
വര്‍ക്കല കിളിത്തട്ടുമുക്കിലെത്തിയ വാഹനം തിരിച്ച് മേല്‍വെട്ടൂര്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയപ്പോള്‍ മുതലാണ് അമീറിന് സംശയം തോന്നി തുടങ്ങിയത്. തുടര്‍ന്ന് എങ്ങോട്ടേക്കാണ് പോകുന്നതെന്ന് അമീര്‍ ചോദ്യം ചെയ്തു. വെട്ടൂരില്‍ ഒരാളെ കാണാനുണ്ടെന്നായിരുന്നു സംഘത്തിന്റെ മറുപടി.
തുടര്‍ന്നാണ് അമീറിനെ ഹംസയുടെ വീട്ടില്‍ എത്തിച്ചത്. അവിടെവച്ച് അമീറിന്റെ കൈകാലുകള്‍ ബന്ധിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വര്‍ഷം മുമ്പ് അമീര്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഈ വിവാഹത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.ഇതിനിടെ, അമീറിന്റെ ഫോണില്‍നിന്ന് പെണ്‍കുട്ടിയുടെ നമ്പരിലേക്കു വിളിക്കാന്‍ പറഞ്ഞു. അതിനായി കൈയിലെ കെട്ടഴിക്കുന്നതിനിടെ അമീര്‍ ഇവരെ തള്ളിമാറ്റി ഓടി വീടിന്റെ രണ്ടാം നിലയിലേക്ക് കയറി.
ഇവിടെ ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ഹംസയെ അറസ്റ്റ് ചെയ്തത.്
Discussion about this post