കൊച്ചി: കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനിടെ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു. ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്റർ ആയി കാണുമെന്നും ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു.
കർഫ്യൂ ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകൾ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നിയന്ത്രണങ്ങൾ ലംഘിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പെരുമ്പാവൂർ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റ് അടക്കും. ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് ആരോഗ്യ ടീം അറിയിക്കുന്നത്. ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.
ഇതിനിടെ, ചെല്ലാനം മേഖലയിൽ 224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെല്ലാനത്ത് സ്രവ പരിശോധന അവിടെ തന്നെ നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തി. എല്ലാ വീടുകളിലും ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. ബ്ലീച്ചിങ് പൗഡർ വിതരണം നടക്കുന്നുണ്ട്. ഇന്ന് മുതൽ ചെല്ലാനത്ത് സമൂഹ അടുക്കള തുറന്നു.
കൊച്ചി നഗരസഭയുടെ നാലാം വാർഡും കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് തീരുമാനം. വയോജനങ്ങൾ താമസിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. കൊവിഡ് രോഗികൾക്കായി 10000 കിടക്കകൾ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. 3752 കിടക്കകൾ സജ്ജീകരിച്ചു.
Discussion about this post