കണ്ണൂര്‍: പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ഹൗസ് സര്ജന്, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്സ് എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്പതോളം ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രണ്ട് ഡോക്ടര്‍മാരടക്കം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അമ്പതോളം ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള രണ്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരിലും രോഗികളിലും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മറ്റൊരു കൊവിഡ് ക്ലസ്റ്ററായി മാറുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം.
Discussion about this post