കൊച്ചി: തമിഴ്‌നാട്ടിലേത് കച്ചവട രാഷ്ട്രീയമാണെന്നും അത് തിരുത്താനാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്നും കമല്‍ഹാസന്‍. കൊച്ചി കിഴക്കമ്പലത്ത് ട്വന്റി 20 നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കനല്‍ ഒരു തരി മതി പടര്‍ന്നു പൊങ്ങാന്‍’, എന്നായിരുന്നു മക്കള്‍ നീതി മയ്യത്തെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞത്. ഒപ്പം 37 കുടുംബങ്ങള്‍ക്ക് സൗജന്യഭവനം നിര്‍മ്മിച്ചു നല്‍കിയ കിഴക്കമ്പലം ട്വന്റി 20ക്കുള്ള അഭിനന്ദനവും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയത്തെ കുറിച്ച് വാചാലനായ കമല്‍ഹാസന്‍ തമിഴ്‌നാട്ടിലേത് കച്ചവട രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ചു. നാടിന്റെ നന്മയ്ക്കായുള്ള സ്വപ്നങ്ങള്‍ നിറവേറ്റാന്‍ രാഷ്ട്രീയ അധികാരം അനിവാര്യമാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
6 കോടി രൂപ ചെലവിലാണ് ട്വന്റി 20, ഞാറല്ലൂരില്‍ ഗോഡ്‌സ് വില്ല പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതേ സ്ഥലത്ത് നിന്നിരുന്ന കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഇതോടെ അടച്ചുറപ്പുള്ള വീടുകള്‍ ലഭ്യമായത്. പദ്ധതിയെ അഭിനന്ദിച്ച കമല്‍ഹാസന്‍ നാടിന്റെ നന്മയ്ക്ക് മികച്ച മാതൃക ആയ ഈ പദ്ധതി തമിഴ്‌നാട്ടിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മടക്കം.