ഇടുക്കിയില്‍ മീന്‍ വ്യാപാരിയായ 70കാരനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദ്ദിച്ചു; അഞ്ച് പേര്‍ക്കെതിരെ കേസ്, ദൃശ്യങ്ങള്‍ പകര്‍ത്തി കാഴ്ചക്കാരായി ജനങ്ങളും!

അടിമാലി വാളറ മക്കാറിനാണ് മര്‍ദ്ദനമേറ്റത്.

മൂന്നാര്‍: മീന്‍ വ്യാപാരിയായ എഴുപതുകാരനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഇടുക്കി മാങ്കുളം സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അടിമാലി വാളറ മക്കാറിനാണ് മര്‍ദ്ദനമേറ്റത്.

അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. മത്സ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മര്‍ദ്ദനമേറ്റ എഴുപതുകാരന്‍ കേസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പത്താംമൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Exit mobile version