പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ: പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു. നെടുമുടി സ്വദേശി പി വി തോമസ് (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ വീട്ടില്‍ വച്ചാണ് മരണം. അര്‍ബുദ രോഗിയായിരുന്ന തോമസിന് ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കൊവിഡ് ബാധിതനായിരുന്ന തോമസിന് ഈ മാസം 16 നാണ് രോഗം ഭേദമായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 54 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14000 അടുക്കാറായി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. ആകെ 8056 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 5892 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സമ്പര്‍ക്ക രോഗബാധിതരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 17, ഐടിബിപി നാല്, കെഎല്‍എഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്. നിരീക്ഷണത്തില്‍ കഴിയുന്നത് 1,62,444 പേരാണ്.

Exit mobile version