തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏല്പിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി പോലീസും വിശ്വാസത്തിലെടുക്കുന്നില്ല. ഇന്ന് ആശുപത്രി വിട്ട ജയഘോഷിന്റെ മൊഴി കേരളാ പോലീസും രേഖപ്പെടുത്തിയിരുന്നു.
കോണ്‍സുല്‍ ജനറലും പിന്നീട് അറ്റാഷെയും ദുബായിലേക്ക് പോയ കാര്യം ഘോഷ് സ്പെഷ്യല്‍ ബ്രാഞ്ചിനെയോ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനെയോ അറിയിച്ചില്ലെന്നതാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തല്‍. സര്‍വീസ് തോക്ക് മടക്കി നല്കാന് ജയഘോഷും കോണ്‍സുലേറ്റില്‍ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗണ്മാന് അഖിലേഷും തയാറായില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്.
അതേസമയം, ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍റൂം ഡിവൈഎസ്പിയ്ക്കാണ് ജയഘോഷിനെതിരായ അന്വേഷണത്തിന്റെ ചുമതല.
യുഎഇ കോണ്‍സണ്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിന്റെ നിയമനത്തില്‍ അസ്വാഭാവികതയുളളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2020 ജനുവരി എട്ടിനാണ് ജയ്ഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയത്. ഒരു വര്‍ഷത്തേക്ക് കൂടി ജയ്ഘോഷിന്റെ കാലാവധി നീട്ടിയത് ഡിജിപിയുടെ ഉത്തരവിലൂടെയാണ്.
എന്നാല്‍ ചട്ടലംഘനമെന്ന ആരോപണം ഉയര്‍ന്നതോടെ ജയ്ഘോഷിന്റെ നിയമന ഉത്തരവ് പോലീസ് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സ്വര്‍ണക്കടത്തുകേസിലെ ജയഘോഷിന്റെ പങ്ക് കസ്റ്റംസും എന്‍ഐഎയും അന്വേഷിച്ചുവരികയാണ്.
കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിന് കോണ്‍സുലേറ്റിലെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ജയഘോഷിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതിനിടെയാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
Discussion about this post