തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ചികിത്സ ലഭിക്കില്ലെന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ അത്തരം ആശങ്കകള്‍ ഉണ്ടാകേണ്ടതില്ലെന്നും ജൂലൈ 23ന് അകം 555 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടി തയ്യാറാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എല്‍ടിസി) സജ്ജീകരണം ദ്രുതഗതിയില്‍ പുരോഗിക്കുകയാണ്. ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 187 സിഎഫ്എല്‍ടിസികളിയായി 20404 ബെഡ്ഡുകള്‍ തയാറായിട്ടുണ്ട്. 305 ഡോക്ടര്‍മാരെയും 572 നഴ്‌സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും 27 ലാബ് ടെക്‌നീഷ്യന്മാരെയും സിഎഫ്എല്ടിസികളില്‍ നിയോഗിച്ചിട്ടുണ്ട്. ജൂലൈ 23 നകം 742 സിഎഫ്എല്ടിസികള്‍ കൂടി തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡ്ഡുകളുടെ എണ്ണം 69,215 ആയി ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായ കേസുകളില്‍ പ്രകടമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഇവിടെ കിടത്തി ചികിത്സിക്കുക. എല്ലാ സിഎഫ്എല്‍ടിസികളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപി നടത്താനുള്ള സൗകര്യവും ടെലിമെഡിസിന് ആവശ്യമായ ലാന്‍ഡ്‌ലൈനും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ടായിരിക്കും. ഓരോ സിഎഫ്എല്‍ടിസിക്കും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ഐസൊലേഷനിലുള്ളവര്‍ക്ക് ബാത്ത്‌റൂമോടുകൂടിയ പ്രത്യേക മുറികള്‍ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, ഫാര്‍മസി, സ്റ്റോര്‍, ഒബ്‌സര്‍വേഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങളും എല്ലാ സിഎഫ്എല്‍ടിസികളിലും ഉണ്ടായിരിക്കും. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ വേണ്ട സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ സെമി പെര്‍മനന്റ് ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ നിലവിലെ സാഹചര്യത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ടിവരും.രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹ വ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവായവരെ മാറ്റിപാര്‍പ്പിക്കുന്നതാണ് ഉചിതം. അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം വീട്ടിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post