കുന്നംകുളം: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ടു വ്യത്യസ്തമായ സംഭവങ്ങളിലൂടെ സനീഷ് എന്ന പേര് കുന്നംകുളത്തുകാര്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. കൊവിഡ് വ്യാപന ഭീതിയില്‍ ആളുകള്‍ക്ക് മനുഷത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴാണ് കെബി സനീഷ് മാതൃകയാകുന്നത്. കൊവിഡ് ഭയന്ന് ആരും പരസ്പരം സഹായിക്കാന്‍ തയ്യാറാകാതെ ഇരിക്കുന്ന ഈ കാലത്ത്, സധൈര്യം മുന്നോട്ടിറങ്ങി നടത്തുന്ന സന്നദ്ധ പ്രവര്ത്തകനങ്ങളാണ് ഈ യുവാവിനെ വ്യത്യസ്തനാക്കുന്നത്.
നടുപന്തിയില്‍ ഒറ്റക്ക് താമസിക്കുന്ന ഒരു വയോധികന്റെ ജീവന് രക്ഷിക്കാന്‍ സഹായിച്ച ഇടപെടലാണ് ഇതില്‍ ആദ്യത്തേത്. നടുപന്തിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന് തളര്‍ന്നു വീണപ്പോള്‍ സനീഷിന്റെ നേതൃത്വത്തിലാണ് വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. തളര്‍ന്നു വീണ വയോധികനെ കൊവിഡ് ഭയന്ന് ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ ഇരുന്നപ്പോഴാണ് സനീഷ് മുന്നിട്ടിറങ്ങിയത്. സനീഷിന്റെ ഉചിതമായ ഇടപെടല്‍ മൂലം വയോധികന്റെ ജീവന് രക്ഷിക്കാനും കഴിഞ്ഞു.
കൊവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങി മരിച്ച സ്ത്രീയുടെ മൃതദേഹം താഴെയിറക്കാന്‍ ആളുകള്‍ മടിച്ചു നിന്നപ്പോള്‍ നടത്തിയ ഇടപെടലാണ് രണ്ടാമത്തേത്. അഞ്ഞൂര് റോഡില്‍ തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്ക (68) കൊവിഡ് നിരീക്ഷണത്തിലിരിക്കേ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. നടപടികള്‍ക്കായി പോലീസ് എത്തിയെങ്കിലും കൊവിഡ് ഭയന്ന് മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല.
തുടര്‍ന്ന് കെബി സനീഷ് മൃതദേഹം താഴെയിറക്കാന്‍ തയ്യാറാവുകയായിരുന്നു. കെബി ഷിബു, സികെ ലിജീഷ്, ഗോകുല്‍ കൃഷ്ണ, പികെ ഷബീര്‍ എന്നിവരും കൂടി മൃതദേഹം താഴെയിറക്കുകയായിരുന്നു. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ പ്രത്യേക കവര്‍ ശരീരത്തിലൂടെ മുകളിലേക്കു കയറ്റിയാണ് മൃതദേഹം താഴെയിറക്കിയത്.
തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അഡ്വ: കെബി സനീഷ്, സിപിഎം കുന്നംകുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും, എസ്എഫ്ഐ മുന്‍ ജില്ല പ്രസിഡന്റ്ും കൂടിയാണ്.
Discussion about this post