വിജയം കണ്ട് പ്ലാസ്മ ചികിത്സ; സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇനി പ്ലാസ്മ ചികിത്സ

തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്ലാസ്മ ചികിത്സ ഫലം കണ്ട് തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്മ ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയ്ക്കും വ്യാപിപ്പിക്കുകയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ബാങ്ക് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളില്‍ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ പ്ലാസ്മ ചികിത്സ നല്‍കിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു.

മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് തുടങ്ങിയത്. കൊവിഡ് രോഗമുക്തരായ ഉള്‍പ്പടെ 21 പേരാണ് ഇവിടെ പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രോഗമുക്തരായ ഒന്‍പത് പേര്‍ പ്ലാസ്മ ബാങ്കിലേക്ക് രക്തം നല്‍കാനായി എത്തി.

Exit mobile version