ആലപ്പുഴ: ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ പ്രവേശിക്കാൻ അനുവദിക്കാതെ സ്ത്രീകളുടെ ഉപരോധം. സംസ്ഥാന അതിർത്തി കടന്ന് എത്തുന്ന ലോറികൾ മാർക്കറ്റിലേക്ക് പ്രവേശിപ്പില്ലെന്നു പറഞ്ഞാണ് പ്രതിഷേധം നടത്തുന്നത്. സ്ത്രീകൾ മുന്നിട്ടിറങ്ങിയാണ് വലിയ സംഘം പതിഷേധിക്കുന്നത്. ആലപ്പുഴയിലെ പ്രധാന മാർക്കറ്റാണ് വഴിച്ചേരി. ധാരാളം കുടുംബങ്ങൾ മാർക്കറ്റിനകത്ത് വീടുകളിൽ താമസിക്കുന്നുണ്ട്.
ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലേക്കുമുള്ള പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങൾ എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ ആവശ്യപ്പെട്ട് മാർക്കറ്റിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളാണ് പ്രതിഷേധവുമായി എത്തിയത്. ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി.
തുടക്കത്തിൽ ഉണ്ടായിരുന്ന പരിശോധനകളും മാനദണ്ഡങ്ങളും ഒന്നും രോഗവ്യാപനം രൂക്ഷമായ ഈ ഘട്ടത്തിൽ നടപ്പാക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഇടക്ക് പ്രതിഷേധം കൊവിഡ് പ്രോട്ടോകോൾ പോലും ലംഘിക്കുന്ന തരത്തിലേക്ക് കടന്നിരുന്നു.
Discussion about this post