കോട്ടയം: മല്ലി പാക്കറ്റില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തിയതിന് പിന്നാലെ സപ്ലൈകോയ്ക്കെതിരെ പരാതിയുമായി വീട്ടമ്മ. കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലിപ്പടി തെങ്ങുപള്ളില്‍ ബിനി ജോസഫിനാണ് മല്ലി പായ്ക്കറ്റില്‍ നിന്നും ഉണങ്ങിയ നിലയില്‍ എലിയെ കിട്ടിയത്.
കറുകച്ചാല്‍-മണിമല റോഡിലെ സപ്ലൈകോയില്‍ നിന്ന് 18ന് രാവിലെയാണ് ബിനി ജോസഫ് സാധനങ്ങള്‍ വാങ്ങിയത്. ഇതില്‍ അര കിലോയുടെ മല്ലി പാക്കറ്റിലാണ് ചത്ത എലിയെ കിട്ടിയത്. വീട്ടിലെത്തിച്ച മല്ലി പാക്കറ്റ് പൊട്ടിച്ച് കഴുകാന്‍ എടുത്തപ്പോഴാണ് എലിയെ കണ്ടത്.
ചത്ത് ഉണങ്ങിയ നിലയിലായിരുന്നു എലി. പായ്ക്കറ്റ് പൊട്ടിച്ചതിന് പിന്നാലെ ദുര്‍ഗന്ധവും ഉയര്‍ന്നിരുന്നു. ഉടന്‍ തന്നെ വിവരം സപ്ലൈകോ അധികൃതരെ അറിയിച്ചു. നടപടി ആവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. 40 കിലോയില്‍ താഴെയുള്ള ചാക്കുകളിലായി ഇ -ടെന്‍ഡര്‍ പിടിക്കുന്ന സപ്ലയര്‍ ചങ്ങനാശേരിയിലെ ഗോഡൗണില്‍ എത്തിക്കുന്ന മല്ലിയാണ് കറുകച്ചാലിലെ സപ്ലൈകോയില്‍ എത്തിക്കുന്നതെന്നും ഇതില്‍ എത്തിയതാകാം എലിയെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
Discussion about this post