പാലക്കാട്: തിരുവനന്തപുരത്തിനു പുറമെ, പാലക്കാടും സമൂഹ വ്യാപന വക്കില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മന്ത്രി എകെ ബാലന് ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റ് സ്ഥലങ്ങളെ കുറിച്ച് പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഒരു ക്ലസ്റ്റര്‍ പ്രദേശത്തെ രോഗികളില്‍ നിന്ന് മറ്റൊരിടത്തേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍, ക്ലസ്റ്റര്‍ മേഖലയില്‍ രോഗത്തെ പിടിച്ചുനിര്ത്തുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍;
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഈ ക്ലസ്റ്റര്‍ പ്രകടമായത്. ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍ പട്ടാമ്പിയില്‍ കണ്ടെയ്ന്മെന്റ് നിര്‍ബന്ധമായി പാലിച്ചേ മതിയാകൂ. പോലീസ്, ഫയര്‍ ഫോഴ്സ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍,അവശ്യ സര്‍വീസുകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ആവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. പൊതുഗതാഗതം പാടില്ല.
മേഖലയിലൂടെ കടന്നുപോകുന്ന വാഹങ്ങള്‍ അവിടങ്ങളില്‍ ആളുകളെ ഇറക്കാനോ കയറ്റാനോ പാടില്ല. ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് സൂപ്പര്‍ സ്പ്രെഡിലേക്കും കമ്യൂണിറ്റി സ്പ്രെഡിലേക്കും പോകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. 4500 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുമെന്നും അതിലൂടെ എന്താണ് ജില്ലയുടെ സ്ഥിതിയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. രണ്ട് മുന്‍സിപ്പാലിറ്റികള്‍ അടക്കം 47 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. ഇതില്‍ 28 എണ്ണം കണ്ടെയ്ന്മെന്റ് സോണുകളാണ്.
Discussion about this post