തിരുവനന്തപുരം: കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 28 അര്‍ദ്ധരാത്രി വരെ നീട്ടി ഉത്തരവിറങ്ങി.
2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 വകുപ്പുകള്‍ പ്രകാരമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഐഎഎസ് അറിയിച്ചു.
ഉത്തരവ് അനുസരിച്ച് ജൂലൈ 28 അര്‍ദ്ധരാത്രി വരെ തിരുവനന്തപുരം നഗരം കര്‍ശനമായ ലോക്ക്ഡൗണില്‍ തുടരും. ഈ ഉത്തരവ് നഗരസഭയിലെ വാര്‍ഡുകള്‍ക്ക് ബാധകമായിരിക്കും. തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണാക്കി നിശ്ചയിച്ചുകൊണ്ടുള്ള 18.07.2020ലെ ഉത്തരവില്‍ മാറ്റമില്ല.
അതേസമയം, ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം.
കിന്‍ഫ്ര പാര്‍ക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ അതേ സൈറ്റില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയും നല്കി.
ഞായറാഴ്ച മാത്രം തിരുവനന്തപുരം ജില്ലയില്‍ 222 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
Discussion about this post