പാലക്കാട്: പാലക്കാട് ജില്ലയില്‍ പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. ബാക്കിയുള്ള 14 പേരില്‍ 11 പേര് വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.
ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ ആറു വയസുകാരിയായ മാത്തൂര്‍ സ്വദേശിയും ഉള്‍പ്പെടും. പുറമെ ജില്ലയില്‍ 11 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഒരാള്‍ക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മാര്‍ക്കറ്റില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ആകെ 525 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതില്‍ 67 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.
Discussion about this post