മലപ്പുറം: മലപ്പുറം ചേലേമ്പ്ര പാറയിലെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചടങ്ങിനെത്തിയ 300ഓളം പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടത്തോടെ ആളുകൾ ചടങ്ങിൽ പങ്കെടുത്ത പശ്ചാത്തലത്തിലാണ് നിർദേശം. ചേലേമ്പ്ര പാറയിലെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്നവരോടാണ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്. വെള്ളിയാഴ്ചയാണ് കാവന്നൂർ സ്വദേശിയായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയിൽ കഴിഞ്ഞ പത്താം തിയ്യതി മരിച്ച അബ്ദുൾഖാദർ മുസ്ലിയാർ എന്നയാളുടെ മരണാനന്തരചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയത്.
അബ്ദുൾഖാദർ മുസ്ലിയാരുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. 300 ഓളം പേർ ഇവിടെ എത്തിയിരുന്നതായാണ് വിവരം. ഈ കൂട്ടത്തിലാണ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയും ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ കടകളടക്കം അച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.
മലപ്പുറത്ത് 1198 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 565 പേർ നിലവിൽ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. അതേസമയം, കൊവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും.
പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ തുടരുകയാണ്. താനൂർ, പരപ്പനങ്ങാടി തീരദേശ മേഖലയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. എടക്കര പഞ്ചായത്തിൽ 3 വാർഡുകൾ നിയന്ത്രിത മേഖലയിലാണ്. കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളാണ്.
Discussion about this post