തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കാനുള്ള സമയപരിധി മോട്ടോർവാഹനവകുപ്പ് നീട്ടി. ജൂലൈ 15നുമുമ്പ് വേർതിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയതായാണ് റിപ്പോർട്ടുകൾ. ഓട്ടോറിക്ഷകൾ, ടാക്സി വാഹനങ്ങൾ, ബസുകൾ എന്നിവയിലെല്ലാം ഡ്രൈവർമാരുടെ കാബിൻ പ്രത്യേകം വേർ തിരിക്കണമെന്നായിരുന്നു നിർദേശം.
വിഷയത്തിൽ നേരത്തെ സർക്കാർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതു നടപ്പാകുന്നില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 15ന് മുമ്പ് വേർതിരിക്കണമെന്ന പുതിയ ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവിനെതിരേ വാഹന ഉടമകൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേത്തുടർന്നാണ് സമയം നീട്ടിയത്. ഇതുസംബന്ധിച്ച് 25വരെ ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തും.
ഓട്ടോറിക്ഷകൾ, ടാക്സികൾ, സ്വകാര്യ ബസുകൾ, കോൺട്രാക്ട് ക്യാര്യേജുകൾ ഉൾപ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിൻ പ്രത്യേകം വേർതിരിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ്. ഓട്ടോ റിക്ഷകളിൽ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവർകാബിൻ മറയ്ക്കാനാണ് നിർദേശം. ബസുകളുടെ കാബിൻ വേർതിരിക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ബസിൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവർക്ക് കാണുന്നതരത്തിൽ കണ്ണാടി ഉപയോഗിച്ചാവണം കാബിൻ വേർതിരിക്കേണ്ടത്.
യാത്രക്കാരും ഡ്രൈവറുമായി സമ്പർക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിൻ മറയ്ക്കുന്നത്. യാത്രാക്കാരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങി കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നിയമ നടപടികളുണ്ടാകും.
Discussion about this post