തിരുവനന്തപുരം: ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. ജൂലൈ 28 വരെയാണ് നിയന്ത്രണം. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. ഇടവ മുതല്‍ പെരുമാതുറ(സോണ്‍ 1) വരെയും പെരുമാതുറ മുതല്‍ വിഴിഞ്ഞം(സോണ്‍ 2) വരെയും വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍(സോണ്‍ 3) വരെയുമായാണ് തിരിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഉണ്ടാകില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കലക്ടര്‍ വ്യക്തമാക്കിയത്.
ഐഎഎസ് ഉദ്യോഗസ്ഥരായ യുവി ജോസ്, ഹരികിഷോര്‍ എന്നിവരെ സോണ്‍ ഒന്നിലും എംജി രാജമാണിക്യം, ബാലകിരണ്‍ എന്നിവരെ സോണ്‍ രണ്ടിലും ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരെ സോണ്‍ മൂന്നിലും ഇന്‍സിഡന്റ് കമാന്റര്‍മാരായി നിയമിച്ചിട്ടുണ്ട്.
അതേസമയം തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ ആരെയും അനുവദിക്കില്ല. ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലെ ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാല്, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മേഖലകളിലെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും.
Discussion about this post