തിരുവനന്തപുരം: ഒരു വര്‍ഷമായി ഭീമന്‍ യന്ത്രവുമായി യാത്ര തുടരുന്ന ട്രെയിലര്‍ നാളെ ലക്ഷ്യസ്ഥാനത്തെത്തും. മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട
74 ചക്രങ്ങളുള്ള ട്രെയിലര്‍ തിരുവനന്തപുരം എത്തിയത് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞാണ്.
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് (വിഎസ്എസ്‌സി) ഹൊറിസോണ്ടല്‍ എയ്റോ സ്പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ സംവിധാനവുമായാണ് ഈ കൂറ്റന്‍ വാഹനം എത്തിയത്. അംബര്‍നാഥിലെ യുണീക് ഇന്‍പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്ണാണു ഭാരം. 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ജിപിആര്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വിഎസ്എസ്‌സിയിലെത്തിക്കാന്‍ കരാറെടുത്തത്.
നാല് സംസ്ഥാനങ്ങള്‍ താണ്ടിയാണ് ലോറി കേരളത്തിലെത്തിയത്. പ്രതിദിനം ശരാശരി 5 കിലോമീറ്ററായിരുന്നു യാത്ര. 74 ടയറുകളുടെ ബലത്തിലാണ് ലോറിയുടെ സഞ്ചാരം. മറ്റ് വാഹനങ്ങള്‍ക്ക് ഇടംനല്‍കാതെ, റോഡിലൂടെ പോകുന്ന ലോറിയെ നിയന്ത്രിക്കുന്നത് 32 ജീവനക്കാരാണ്. എയ്റോസ്പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വിഎസ്എസ്സിക്കായി ലോറിയില്‍ കൊണ്ടുവരുന്നത്. 70 ടണ്‍ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്.
ദേശീയപാതയിലൂടെ മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പിന്നിട്ട് രണ്ടാഴ്ച മുന്‍പാണ് ട്രെയിലര്‍ കേരളത്തിന്റെ അതിര്‍ത്തിയിലെത്തിയത്. അംബര്‍നാഥില്‍ നിന്ന് നാസിക് വഴി ആന്ധ്രാപ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു സഞ്ചാരം.
ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാല്‍ രാത്രിയും അതിരാവിലെയുമായാണു വാഹനം ഓടുന്നത്. ഈ മാസം രണ്ടിനു തിരുവനന്തപുരം ജില്ലയിലെത്തിയ വാഹനം ദിവസം പരമാവധി അഞ്ച്-ആറ് കിലോ മീറ്ററാണു സഞ്ചരിക്കുന്നത്. ട്രെയിലര്‍ തിരുവനന്തപുരം മ്യൂസിയത്തിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.
വാഹനം സുഗമമായി കടന്നുപോകാന്‍ പൊലീസും വൈദ്യുതി ബോര്‍ഡും സജീവമായി സഹായത്തിനുണ്ട്. റോഡിനു കുറുകെയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റാന്‍ മാത്രം ദിവസം മൂന്ന്-നാല് മണിക്കൂറാണു വേണ്ടി വരുന്നത്.
വോള്‍വോ 450 എന്ന 10 ചക്ര ട്രക്ക് വലിക്കുന്ന ട്രെയിലറിലാണു യന്ത്രം കൊണ്ടുവരുന്നത്. 64 ചക്രമുള്ള ഈ ഫ്രെയിം യന്ത്രം കൊണ്ടുവരാനായി പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു. ട്രക്ക് ഫ്രെയിമിനു മുന്നിലും പിന്നിലും ഘടിപ്പിക്കാന്‍ കഴിയും. സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്നതാണ് ഫ്രെയിമിന്റെ ചക്രങ്ങള്‍. ലിവര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ചക്രങ്ങള്‍ തിരിച്ചാണ് വലിയ വളവുകള്‍ വാഹനം കടക്കുന്നത്. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണാണു ഭാരം.