തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം അതിശക്തമായാല്‍ അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്ത രോഗലക്ഷണം ഇല്ലാത്ത രോഗികളെ വീടുകളില്‍ തന്നെ പരിചരണം നല്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാല്‍ ഈ രീതി കേരളത്തിലും വേണ്ടി വരും.-മുഖ്യമന്ത്രി പറഞ്ഞു
രോഗികളുടെ എണ്ണം അമിതമായി വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ കൊവിഡ് നേരിടാം. അതിനായി ജീവന്റെ വിലയുള്ള ജാഗ്രത എന്ന പേരില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന് ആരംഭിക്കുകയാണ്.
കൊവിഡിനെതിരായ പോരാട്ടം മാസങ്ങള്‍ പിന്നിട്ടതിനാല്‍ പൊതുവില്‍ ക്ഷീണവും അവശതയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ കൊവിഡിനെ നേരിടുമ്പോള്‍ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്‍ ആരും മാറി നില്‍ക്കരുത് എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കാണ് രോഗം ബാധിച്ചത്. 204 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post