തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ കൂടിയ കറന്റ് ബില്ല് കണ്ട് ഷോക്കടിച്ച നിരവധി പേരുണ്ടായിരുന്നു. പലരും പരാതികളുമായി രംഗത്തെത്തിയിരുന്നു. അതേസമയം, വളരെ നിസാരമായി നാലക്ക കറന്റ് ബില്ല് മൂന്നക്കത്തിലേക്ക് എത്തിച്ചത് വ്യക്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അധ്യാപകനും ടെക്നോളജി വിദഗ്ധനും ഫോട്ടോഗ്രാഫറുമായ സെയ്ദ് ഷിയാസ് മിര്‍സ.
5,316 രൂപയുടെ ബില്‍ പരാതിപ്പെട്ടപ്പോള്‍ 148 രൂപയായി ചുരുങ്ങിയ കഥയാണ് സെയ്ദ് ഷിയാസ് മിര്‍സ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ വൈദ്യുതി ബില്ല്, ശരാശരി ആയി കണക്കു കൂട്ടിയ 5,316 രൂപയായിരുന്നു. എന്നാല്‍ രണ്ട് മാസങ്ങളിലും ഉപഭോഗം കര്‍ശനമായി നിയന്ത്രിച്ചതിനാല്‍ ഇത്രയും തുക ബില്ല് ആകില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
തുടര്‍ന്ന് ഞാന്‍ കെഎസ്ഇബിയുടെ പോര്‍ട്ടല്‍ വഴി പരാതിപ്പെട്ടപ്പോള്‍ മീറ്റര്‍ റീഡിങ് സ്വയം എടുത്ത് അയക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് ഞാന്‍ മീറ്റര്‍ റീഡിംഗ് ഡിസ്പ്ലേയുടെ ഫോട്ടോയെടുത്ത് അവര്‍ നല്കിയ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് എനിക്ക് ബില്‍ തുക വെറും 148 രൂപയായി കുറഞ്ഞു കിട്ടുകയുണ്ടായി.
അതായത് ബില്‍ തുകയില്‍ 5168 രൂപയുടെ കുറവ് വന്നിട്ടുണ്ട്. നിങ്ങളും ഇത്തരത്തില്‍ നിങ്ങളുടെ വീട്ടിലെ റീഡിങ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
Discussion about this post