കൊച്ചി : കൊച്ചിയിലെ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത ഓഫ് കാമ്പസിൽ ചേർന്ന് വഞ്ചിതരാവരുതെന്ന് ഹയർ എജുക്കേഷൻ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ബാംഗ്ളൂർ കേന്ദ്രമായ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പേരിൽ കൊച്ചി കേന്ദ്രമാക്കി വൻ തട്ടിപ്പ് നടക്കുകയാണ്. കേരള സർക്കാരിന്റെ അനുമതിയും എൻ ഓ സി യും വാങ്ങാതെയാണ് ഏതാണ്ട് ഒന്നര വർഷം മുൻപ് കൊച്ചിയിൽ ഇവർ ഓഫ് കാംപസ് എന്ന പേരിൽ ഈ തട്ടിപ്പ് കേന്ദ്രം ആരംഭിച്ചത്. അംഗീകാരമുള്ള കോഴ്‌സുകളും യൂണിവേഴ്‌സിറ്റിയും ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമായി കോടിക്കണക്കിനു രൂപയാണ് ഇവർ കൈക്കലാക്കിയിട്ടുള്ളത്. കർണ്ണാടകയിൽ മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള ‘ഡീംഡ് ടു ബി ‘യൂണിവേഴ്‌സിറ്റിയാണ് സർക്കാരിന്റെയും യു ജി സിയുടെയും ഹയർ എജുക്കേഷന്റെയും അനുമതിയില്ലാതെ പ്രവർത്തിക്കുന്നത്.
‘ ജെയിൻ ഡീമ്ഡ് റ്റു ബി യൂണിവേർസിറ്റി ‘എന്ന പേരിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇവർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻപിൽ ചതിക്കുഴികൾ തീർക്കുന്നത്.
ജെയിൻ യൂണിവേർസിറ്റിയുടെ കൊച്ചിയിലെ ഓഫ് കാംപസിന് കേരള സർക്കാർ NOC നൽകിയിട്ടില്ലന്നും, അംഗീകാരമില്ലാത്ത കോഴ്സുകളിൽ പെട്ട് വഞ്ചിതരാകരുത് എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആണ് ഹയർ എജുക്കേഷൻ സെക്രട്ടറി ഉഷാ ടൈറ്റസ് വീണ്ടും പത്രക്കുറിപ്പ് ഇറക്കിയത്. കേരള സർക്കാരിൽ നിന്നും NOC ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിദ്യാർത്ഥികളെയും മറ്റു സ്ഥാപനങ്ങളെയും വിശ്വസിപ്പിച്ചിരുന്ന യൂണിവേർസിറ്റിക്കാർ ജെയിൻയൂണിവേഴ്സിറ്റി ഓഫ് കാംപസിന് NOC നൽകിയിട്ടില്ല എന്ന ഹയർ എജുക്കേഷൻ വകുപ്പിന്റെ പത്രക്കുറുപ്പിലൂടെ വെട്ടിലായിട്ടുണ്ട്.
കേരളത്തിൽ പ്രവർത്തിക്കാൻ ഉള്ള അനുമതി തേടി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി നടത്തിപ്പുകാർ ഹയർ എജുക്കേഷൻ വകുപ്പിനെയും സർക്കാരിനെയും സമീപിച്ചിരുന്നെങ്കിലും ഹയർ എഡ്യൂക്കേഷൻ കൗൺസിലും സർക്കാരും അപേക്ഷ നിരസിക്കുകയും കേരള സർക്കാർ ജെയിൽ യൂണിവേർസിറ്റിക്കെതിരെ നടപടി ആവശ്യപെട്ട് കൊണ്ട് UGC ക്ക് കത്തയക്കുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ഗവൺമെന്റ് ജെയിൽ യൂണിവേർസിറ്റിയുടെ കൊച്ചിയിലെ ഓഫ് കാംപസ് നടത്താൻ NOC നൽകിയിട്ടില്ലെന്നാണ് ഹയർ എജുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ഐ എ എസ് വ്യക്തമാക്കുന്നത്. എന്നാൽ ഇപ്പോഴും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും കേരളസർകാരിൽ നിന്നും ഓഫ് കാമ്പസ് നടത്താൻ തങ്ങൾക്ക് NOC ലഭിച്ചിട്ടുണ്ട് എന്നാണ് ജെയിൻ യൂണിവേർസിറ്റിയുടെ നടത്തിപ്പുകാർ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാതെ ഓഫ് കാമ്പസ് കേരളത്തിൽ പ്രവർത്തിക്കുന്നതിനെതിരെ 2019 ൽ തന്നെ ഹയർ എജുക്കേഷൻ വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും വിരലിൽ എണ്ണാവുന്ന ഒന്നോ രണ്ടോ മാധ്യമങ്ങൾ മാത്രമാണ് വാർത്ത കൊടുക്കാൻ തയ്യാറായത്. കൊച്ചി കേന്ദ്രം നടത്തിപ്പുകാരുടെ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന്റെ പേരിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി വാർത്ത പൂഴ്ത്തിവെക്കുകയായിരുന്നു.
യു ജി സിയുടെയും സർക്കാരിന്റെയും അനുമതിയില്ലാത്ത ഓഫ് കാമ്പസ് സ്ഥാപനം അടച്ചു പൂട്ടണമെന്ന ഹയർ എജുക്കേഷൻ വകുപ്പിന്റെ ഉത്തരവിന് പുല്ലു വിലപോലും കൽപ്പിക്കാതെ കൊച്ചിയിലെ ഈ ഓഫ് കാമ്പസ് സെന്ററിലേക്ക് മുഖ്യധാരാ പത്ര മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ലക്ഷക്കണക്കിന് രൂപ നൽകി പരസ്യങ്ങൾ ചെയ്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളെ വലയിലാക്കുന്ന സാഹചര്യവുമാണ് ഇപ്പോഴുമുള്ളത്. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടാനുള്ള നടപടി എടുത്താൽ മാത്രമേ വിദ്യാർത്ഥികൾ വഞ്ചിതരാകാതിരിക്കൂ. മാത്രമല്ല ഈ ഓഫ് കാമ്പസ് സെന്ററിന് പിന്നിൽ മനുഷ്യ കടത്തിന് ജയിലിൽ കിടന്ന സംഘം ഉണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.
സർക്കാർ എൻ ഓ സി യും അനുമതിയും ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്, ഫ്രാൻഞ്ചൈസി ഫീസ് പോലെ നിരവധി സ്ഥാപനങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാവുന്നത്. ഇങ്ങനെ ശേഖരിച്ച വലിയ തുക വെച്ചാണ് ലക്ഷങ്ങൾ പരസ്യത്തിന് വേണ്ടി ചില വഴിക്കുന്നത്. ഇത് പോലെ അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങളാണ് പല അന്യ സംസ്ഥാന യൂണിവേഴ്സിറ്റികളുടെയും, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ലോഗോയും സർക്കാർ സ്ഥാപനം എന്ന് തോന്നിപ്പിക്കുന്ന പേരുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തി കൊണ്ടിരിക്കുന്നത്. സാമ്പത്തികമായ തട്ടിപ്പ് എന്നതിനൊപ്പം തന്നെ പതിയാരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതവും പ്രതീക്ഷകളും വെച്ചാണ് ഈ കൊള്ള സംഘങ്ങൾ പന്താടുന്നത്.
ഒരു വർഷത്തിനിടെ രണ്ടു തവണ കർണ്ണാടക കേന്ദ്രമായ ഈ ഓഫ് കാമ്പസിന് കേരളത്തിൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്നും കോഴ്‌സുകളിൽ ചേർന്ന് വിദ്യാർത്ഥികൾ വഞ്ചിതരാവരുതെന്നും പറഞ്ഞു കൊണ്ട് ഹയർ എഡ്യൂക്കേഷൻ പത്ര കുറിപ്പ് ഇറക്കിയിട്ടും ഇവരുടെ പ്രവർത്തനങ്ങൾ തുടരുകയാണ്. യഥാർത്ഥത്തിൽ അംഗീകാരം ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ പോയി ജീവിതവും പൈസയും തുലച്ചു കളയുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും കൂടി ജാഗ്രത കാണിച്ചാൽ മാത്രമേ ഈ തട്ടിപ്പുകൾ നിർത്തലാക്കാൻ കഴിയൂ.
Discussion about this post