തിരുവനന്തപുരം: കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളില്‍ ജനം തടിച്ച് കൂടിയ സംഭവത്തില്‍ നടപടി. 600ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളോടൊപ്പം വന്നവര്‍ പരീക്ഷാ കേന്ദ്രത്തിനു മുമ്പില്‍ തിക്കും തിരക്കുമുണ്ടാക്കിയിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുണ്ടായിരുന്ന 300 പേര്‍ക്കെതിരെയും കോട്ടണ്‍ഹില്‍ സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന 300 പേര്‍ക്കെതിരെയുമാണ് മെഡിക്കല്‍ കോളേജ്, മ്യൂസിയം പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തത്.
സമൂഹ വ്യാപനത്തിന്റെ വക്കോളം എത്തി നില്‍ക്കുന്ന സമയത്താണ് പരീക്ഷയ്‌ക്കെത്തിയവരും കൂട്ടുവന്നവരും തടിച്ച് കൂടിയത്. കൊവിഡ് വൈറസ് ബാധയുടെ ഭീതി നിലനില്‍ക്കെ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങളും മറ്റും കാറ്റില്‍ പറത്തിയായിരുന്നു ഇവര്‍ തടിച്ചു കൂടിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.