കൊല്ലം: പിഎസ് സി കോച്ചിങ്ങിനായി പോയ ഷബ്‌നയെ കാണാതായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി ഷബ്‌നയെക്കുറിച്ച് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.
2018 ജൂലൈ പതിനേഴിനാണ് ആണിക്കുളത്തു ചിറയില്‍വീട്ടില്‍ നിന്ന് പിഎസ്സി പരിശീലനത്തിനായി ഷബ്‌ന പോയത്. അച്ഛന്‍ ഇബ്രാഹിമും അമ്മ റജീലയും മകളെ സന്തോഷത്തോടെ യാത്രയയ്ക്കുമ്പോള്‍ അവര്‍ ഒരിക്കലും വിചാരിച്ചില്ല മകള്‍ തിരിച്ചുവരില്ലെന്ന്.
ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നു എന്നു പറഞ്ഞ ബന്ധുവായ യുവാവ് ആദ്യം പോലീസ് ചോദിച്ചപ്പോള്‍ ഷബ്‌ന സുരക്ഷിതയാണെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് തനിക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞതെന്നും ഷബ്‌നയുടെ അമ്മ പറയുന്നു.
ഈ യുവാവ് അറിയാതെ ഷബ്‌ന എങ്ങും പോകില്ലെന്നാണ് ഷബ്‌നയുടെ അച്ഛനും പറയുന്നത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പല തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷേ ഷബ്‌നയെ ഇതുവരെ കണ്ടെത്തനോ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്തില്ല.
സമീപത്തെ ഹോട്ടലിന്റെ സിസിസിടിവിയില്‍ നിന്നു പെണ്‍കുട്ടി ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്‌നയുടെ ബാഗ് പൊലീസിന് കണ്ടെടുത്തു. ഇതിനുപിന്നാലെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും ഫലമുണ്ടായില്ല.
രണ്ടുവര്‍ഷമായി സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിക്കുന്നു. എന്നിട്ടും ഷബ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ‘ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസുമൊക്കെ മാറി മാറി അന്വേഷിച്ചിട്ടും എന്റെ മകള്‍ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ അവര്‍ ഒരു മറുപടിയും ഞങ്ങള്‍ക്ക് തരുന്നില്ല.’ ഷബ്‌നയുടെ അമ്മ പറഞ്ഞു.
ഇന്നുവരും നാളെവരുമെന്ന് കരുതി കാത്തിരിക്കുകയാണ് ഞങ്ങള്‍. അന്വേഷണത്തിനുള്ള പണം വരെ ഞങ്ങള്‍ കൊടുക്കാമെന്നു പറഞ്ഞുവെന്നും എന്നിട്ടും ഇതുവരെ ഒരു വിവരവും ഇല്ലെന്നും ഷബ്‌നയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. ഷബ്‌നയെക്കുറിച്ച് വിവരം നല്കുന്നവര്‍ക്ക് സംസ്ഥാന പൊലീസും ആക്ഷന്‍കൗണ്‍സിലും പാരിതോക്ഷികം പ്രഖ്യാപിച്ചിട്ടുണ്ട്.