പാലക്കാട്: സംസ്ഥാനത്തിന്റെ പല ജില്ലകളും സമൂഹ വ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം സംഭവിച്ചും കഴിഞ്ഞു. എന്നാല്‍ ഇതിനിടെ ആശ്വാസമാവുകയാണ് പാലക്കാട് ജില്ല. സമ്പര്‍ക്ക രോഗികള്‍ കുറയുന്നതാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്.
പാലക്കാട് സമ്പര്‍ക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നതായും നിലവില്‍ രോഗ ഉറവിടമറിയാത്ത രണ്ട് കേസുകള്‍ മാത്രമാണുള്ളതെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്കവും കുറവാണ്. രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ഉള്ള കേന്ദ്രങ്ങളില്‍ റാപ്പിഡ്, ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും.
എന്നാല്‍ ജാഗ്രത കൂടുതല്‍ വേണ്ട സമയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഇക്കാര്യം അറിയിച്ചിരുന്നു. വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇതുപോലെയുള്ള ആശ്വാസ വാര്‍ത്തകളും സംസ്ഥാനത്തുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.