തിരുവനന്തപുരം: സര്‍ക്കാര്‍ നവോത്ഥാന സംഘടനകളോടൊപ്പം ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. രമേശ് ചെന്നിത്തല നവോത്ഥാന സംഘടനകളെ അധിക്ഷേപിച്ചു. യോഗത്തില്‍ പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്നു വിളിച്ചതു ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവിന്റെ പദവിക്ക് നിരക്കാത്ത പദപ്രയോഗം ആണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നവോത്ഥാന പൈതൃകത്തെ നിരാകരിക്കുകയാണ്. ആര്‍എസ്എസ്കോണ്‍ഗ്രസ് നിലപാടുകള്‍ ഇവിടെ സമാനമായി. വനിതാ മതില് സര്‍ക്കാരിന്റെ പരിപാടിയല്ല. ചെന്നിത്തല മര്യാദയുടെ പരിധി വിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതില് പൊളിക്കും എന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചത്. നവോത്ഥാന പൈതൃകമുള്ള സംഘടനകളുടെ യോഗത്തില്‍വച്ചാണു വനിതാ മതില് നടത്താന്‍ തീരുമാനമുണ്ടായത്. യോഗം ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇങ്ങനെയൊരു പരിപാടിയെക്കുറിച്ചു പറഞ്ഞിട്ടില്ല. ചര്‍ച്ചയില്‍ ഉയര്‍ന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനമുണ്ടായത്. മൗലികാവകാശങ്ങളില്‍ വിവേചനം ഉണ്ടായിക്കൂടാ എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് പരിപാടി.
മൂല്യാധിഷ്ഠിതമായ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ മതില് ഉണ്ടാകുമ്പോള്‍ അതിനെ പൊളിക്കും എന്നു പറയുന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പുരുഷ മേധാവിത്ത മനോഘടനയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കും എന്ന കാര്യം ഉറപ്പാണ്.
നവോത്ഥാന ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചവരാണ് സ്ത്രീകള്‍. പക്ഷേ അവരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയില്ല. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമായിരിക്കും വനിതാ മതില്. ഇതില്‍ പങ്കെടുക്കാത്തവര്‍ മോശക്കാരെന്ന് സര്‍ക്കാരിനു നിലപാടില്ല. സഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്തം ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൂട്ടിച്ചേര്‍ത്തു.
Discussion about this post