കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് 19 വൈറസ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് നഫീസ മരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല.
കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നഫീസയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇവര്‍ക്ക് ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. നഫീസയുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇതെന്ന് ഡിഎംഒ സൂചിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.
കൂടുതല്‍ രോഗികളുള്ള ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം 791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം എഴുന്നൂറിന് മുകളില്‍ എത്തുത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തു നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 532 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.