തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും കൊവിഡ് കേസുകൾ 700 കടന്നതിനിടെ സംസ്ഥാനത്തൊട്ടാകെ ആശങ്ക. ഇതിനിടെ തിരുവനന്തപുരം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സമൂഹവ്യാപനമെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളിൽ അതീവഗുരുതരസാഹചര്യം നേരിടുന്നു. തീരമേഖലയിൽ രോഗവ്യാപനം അതിവേഗതയിലാണ്.
കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 പേർക്ക് കൊവിഡ് പോസിറ്റീവായി. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങിൽ 83 സാമ്പിളുകൾ പരിശോധിച്ചതിൽ 15 പേർക്ക് കോവിഡ് പോസിറ്റീവാണ്. ഈ പ്രദേശങ്ങളിലൊക്കെ രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഈ പരിശോധനാഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്ന് 791 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 135 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 98 പേർക്ക് രോഗം ബാധിച്ചു. 532 സമ്പർക്കം വഴി പേർക്കാണ് രോഗം ബാധിച്ചത്. 133 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
133 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
Discussion about this post