മാള: ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലുള്ള പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുഞ്ഞു വീട്ടിലിരുന്ന് ആര്യ പ്രകാശ് സ്വന്തമാക്കിയത് പത്തരമാറ്റ് വിജയം. സാമ്പത്തിക പരാധീനതകൾക്കിടയിലും തളരാതെ പഠിച്ച് മികച്ച വിജയം നേടിയ ആര്യയ്ക്ക് അഭിനന്ദന പ്രവാഹമാണ്. മാള സ്‌നേഹഗിരി അരയിടത്ത് പ്രകാശന്റെ മകൾ ആര്യയാണ് പ്ലസ് ടു പരീക്ഷയിൽ അഞ്ച് എ പ്ലസും ഒരു എ യും നേടി മികച്ച വിജയം കരസ്ഥമാക്കിയത്.
ഓട്ടോതൊഴിലാളിയായ ആര്യയുടെ അച്ഛൻ പ്രകാശന് വീടൊരു സ്വപ്നമാണ്. ആര്യ കുടുംബസമേതം തകർന്നു വീഴാറായ ഒറ്റ മുറി ഷെഡിലാണ് കഴിയുന്നത്. പത്ത് വർഷമായി ഈ കുടിലിലാണ് മൂന്നംഗ കുടുംബത്തിന്റെ താമസം. കനത്ത മഴയിൽ ഇവർക്ക് ഉറങ്ങാൻ കഴിയാറില്ല.
മണ്ണിൽ തീർത്ത ചുമരിൽ സ്ഥാപിച്ച വൈദ്യുതി ബോർഡ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണതോടെ ഇവർ ഇരുട്ടിലുമായി. മകൾ ആര്യ രാത്രി പഠിക്കുമ്പോൾ അമ്മ അനിത അവൾക്ക് കൂട്ടിരിക്കും. കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കിയാണ് ആര്യ. മാള സൊക്കോഴ്‌സോ ഹയർ സെക്കന്ററിയിലെ അധ്യാപകർക്കും സഹപാഠികൾക്കു പോലും അറിയില്ല ആര്യയുടെ ഈ ദുരവസ്ഥ. കുടിലിലാണെങ്കിലും ആര്യയുടെ വിജയം കുടുംബത്തിന് വലിയ ആശ്വാസമായി മാറുകയാണ്. പരാതികളും പരിഭവങ്ങളുമില്ലാതെ കൂരയിൽ കഴിയുന്ന ആര്യയുടെ ഏറ്റവും വലിയ മോഹമാണ് സുരക്ഷയുള്ള ഒരു വീട്.
Discussion about this post