തിരുവനന്തപുരം: യുഎഇ കോണ്‍സുല്‍ ജനറലിന്റെ കാണാതായ ഗണ്മാന് ജയഘോഷിനെ കണ്ടെത്തി. കയ്യില്‍ മുറിവേറ്റ നിലയിലാണ് ഗണ്‍മാനെ കണ്ടെത്തിയത്. അവശനിലയിലായ ജയഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്.
പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്ന് പോലീസ് പറയുന്നു. പരിക്ക് ആഴത്തിലുള്ളതല്ല. അതേസമയം ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറയുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പോലീസിനോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന.
തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഘോഷ് മൂന്നു വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുമായും സരിത്തുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
Discussion about this post