കൊച്ചി: ലോക്ക്ഡൗണും കൊവിഡ് വ്യാപനവും സാമ്പത്തിക പ്രതിസന്ധി കടുപ്പിച്ചതോടെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വഴിയില്ലാതെ ആയവർക്ക് കൈത്താങ്ങായി മൂവാറ്റുപുഴയിലെ ഈ ഭക്ഷണ കട. തങ്ങളുടെ വരുമാനത്തിന്റെഒരുപങ്ക് മറ്റുള്ളവരുടെ വിശപ്പടക്കാൻ മാറ്റിവച്ചിരിക്കുകയാണ് മൂവാറ്റുപുഴയിലെ അഷ്റഫും ഹലീമയും. മൂന്ന് പെൺമക്കളും ചേർന്ന് കുടുംബസമേതം നടത്തുന്ന ഈ ഉന്തുവണ്ടിയിലെ ചായക്കടയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. എങ്കിലും വിശന്നിരിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം കഴിക്കാനും ബിസ്മില്ലാ എന്ന ഈ കട ആശ്രയമാവുകയാണ്.
കടയിലെത്തുന്നവരുടെ കീശയിൽ പണമുണ്ടോ എന്ന് ഹലീമയോ അഷ്റഫോ നോക്കാറില്ല. വിശക്കുന്നവർക്ക് മതിവരുവോളം ചെറുകടികളും ചായയും കുടിച്ച് മടങ്ങാം. പണമുണ്ടെങ്കിൽ മാത്രം ചെറുകടിയൊന്നിന് അഞ്ച് രൂപ വീതം കൊടുത്താൽ മതി. ലോക്ക്ഡൗണിൽ കുറച്ച് കാലം കട അടച്ചിടേണ്ടി വന്നപ്പോൾ വരുമാനം നിലച്ചു. പിന്നീട് കട തുറന്നത് ഇങ്ങനെയൊരു ബോർഡ് കൂടി എഴുതി തൂക്കിയാണ്.
വിശപ്പ് മാറിയ ശേഷം പലരുടെയും മുഖത്ത് കണ്ട സംതൃപ്തിയാണ് തങ്ങളുടെ എറ്റവും വലിയ സമ്പാദ്യമെന്ന് അഷ്റഫും ഹലീമയും പറയുന്നു. ലാഭം കിട്ടുന്നതിന്റെ ഒരുപങ്ക് പാവപ്പെട്ടവർക്ക് ചികിത്സാസഹായമായി കൊടുത്തും നല്ല മാതൃകയാവുകയാണ് ഈ കുടുംബം.
Discussion about this post