തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കാത്തവര്‍ക്കെതിരെ നടപടി. ഓട്ടോറിക്ഷകള്‍, ടാക്‌സി വാഹനങ്ങള്‍, ബസുകള്‍ എന്നിവയിലെല്ലാം ഡ്രൈവര്‍മാരുടെ കാബിന്‍ പ്രത്യേകം വേര്‍ തിരിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രിലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവര്‍കാബിന് മറയ്ക്കാനാണ് നിര്‍ദേശം. യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ മറയ്ക്കുന്നത്. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ ബസുകള്‍, കോണ്ട്രാക്ട് ക്യാര്യേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേകം വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്.
ഇതുസംബന്ധിച്ച് നിലവില്‍ അധികൃതര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തുടര്ന്ന് വരും ദിവസങ്ങളില്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് നീക്കം എന്നാണ് സൂചന. കൂടാതെ യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങിയ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടായേക്കും.
Discussion about this post