തൃശൂര്‍: ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കൊടില് (ഫോര്‍സെപ്സ്). ഓട്ടോ ഡ്രൈവറായ കൂര്‍ക്കഞ്ചേരി സ്വദേശി മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ നിന്നാണ് ശസ്ത്രക്രിയ നടത്തുമ്പോള്‍ വസ്തുക്കള്‍ എടുത്ത് മാറ്റിവെക്കാന്‍ ഉപയോഗിക്കുന്ന കൊടില് കണ്ടെടുത്തത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന് ശാസ്ത്രക്രിയ കഴിഞ്ഞത്. മഞ്ഞപ്പിത്ത ചികിത്സക്കിടെ പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോസഫ് പോള്‍ മെഡിക്കല്‍ കോളജിലെത്തിയത്. മേയ് അഞ്ചിനായിരുന്നു ആദ്യ ശസ്ത്രക്രിയ.
ശേഷം അണുബാധയുണ്ടെന്ന് പറഞ്ഞ് 12ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30നാണ് ഡിസ്ചാര്‍ജ് ചെയ്തത്. മെഡിക്കല്‍കോളജിലെ സീനിയര്‍ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഭാഗത്തുനിന്നും ജോസഫിന് അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ് ജോസഫ് വീണ്ടും ഡോക്ടറെ കാണാന്‍ പോയി. സി.ടി. സ്കാന്‍ എടുത്തു കാണിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പിന്നീട് ജൂലൈ ആറിന് വീണ്ടും അഡ്മിറ്റാകാന്‍ പറഞ്ഞു. പഴുപ്പ് ഉണ്ടെന്നും ജൂലൈ ഏഴിന് ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.
ഇതില്‍ സംശയം തോന്നി ഒരു ലാബില്‍ ചെന്ന് വയറിന്റെ എക്സ്റേ എടുത്തപ്പോളാണ് ശസ്ത്രക്രിയ ഉപകരണം ഉള്ളിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഒമ്പതിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, ജില്ലാ കലക്ടര്‍,തൃശൂര്‍ എ.സി.പി എന്നിവര്‍ക്ക് പരാതി നല്കി. നേരത്തെ മെഡിക്കല്‍ കോളജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തതിനെ തുടര്‍ന്ന് നടപടി നേരിട്ടായാളാണ് ഡോക്ടര്‍.
Discussion about this post